10:27pm 07 October 2026
NEWS
വികസിത ഭാരതം 2047 പ്രതിരോധശേഷിയുള്ള സുസ്ഥിര പാര്‍പ്പിടങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ദേശീയ ബില്‍ഡിംഗ് കോഡ് ചെയര്‍മാന്‍ വി. സുരേഷ്
06/10/2026  07:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വികസിത ഭാരതം 2047 പ്രതിരോധശേഷിയുള്ള സുസ്ഥിര പാര്‍പ്പിടങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ദേശീയ ബില്‍ഡിംഗ് കോഡ് ചെയര്‍മാന്‍ വി. സുരേഷ്
HIGHLIGHTS

ആഗോള പാര്‍പ്പിട ദിനത്തില്‍ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് കൊച്ചിയില്‍ സംഘടിപ്പിച്ച 35-ാമത് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണപരിപാടിയില്‍ ദേശീയ ബില്‍ഡിംഗ് കോഡ് ചെയര്‍മാനും ഹഡ്‌കോ മുന്‍ സിഎംഡിയുമായ വി സുരേഷ് സംസാരിക്കുന്നു.

കൊച്ചി: ഇന്ത്യ 2070-ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്നും വി സുരേഷ്.ജീര്‍ണിച്ച വീടുകളില്‍ താമസിക്കുന്ന താഴേക്കിടയിലുള്ളവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാളും ഇരട്ടിയാണ് കേരളത്തിലെന്നും വി സുരേഷ്.പാര്‍പ്പിടദിന പ്രഭാഷണ പരിപാടി സംഘടിപ്പിച്ച് അസറ്റ് ഹോംസ്.2047ല്‍ സ്വാതന്ത്ര്യലബ്ധിയുടെ നൂറ്റാണ്ട് പിന്നിടുമ്പോള്‍ പ്രകൃതിദുരന്തങ്ങളോട് പ്രതിരോധശേഷിയുള്ളതും പരിസ്ഥിതി സൗഹൃദമെന്ന നിലയില്‍ സുസ്ഥിരവുമായ പാര്‍പ്പിടങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ദേശീയ ബില്‍ഡിംഗ് കോഡ് ചെയര്‍മാനും ഹഡ്‌കോ മുന്‍ സിഎംഡിയുമായ വി സുരേഷ്. ആഗോള പാര്‍പ്പിട ദിനത്തില്‍ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് കൊച്ചിയില്‍ സംഘടിപ്പിച്ച 35-ാമത് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവും അന്തരീക്ഷത്തില്‍ നിന്ന് ഒഴിവാക്കുന്ന വാതകങ്ങളുടെ അളവും തുല്യമായി വരുന്ന അവസ്ഥയായ നെറ്റ് സീറോ എന്ന ലക്ഷ്യം 2070ഓടെ ഇന്ത്യ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൃഹപര്യാപ്തത എല്ലാവര്‍ക്കും എന്നതാണ് ഈ വര്‍ഷത്തെ പാര്‍പ്പിടദിനത്തിന്റെയും വീട് ഒരു മനുഷ്യാവകാശം എന്നതാണ് ആഗോള ആര്‍ക്കിടെക്ചര്‍ ദിനത്തിന്റേയും ഇതിവൃത്തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പല വികസനസൂചികകളിലും മുന്നിലാണെങ്കിലും ജീര്‍ണിച്ച വീടുകളില്‍ താമസിക്കുന്ന താഴേക്കിടയിലുള്ളവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാളും ഇരട്ടിയാണ് കേരളത്തിന്റെ അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നഗരവല്‍ക്കരണമാണ് ഇന്ത്യയിലെ പാര്‍പ്പിട മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. 2001ല്‍ 28 കോടിയായിരുന്നു നഗരവാസികളുടെ എണ്ണമെങ്കില്‍ 2030ഓടെ അത് 60 കോടിയാകുമെന്നാണ് കണക്കാക്കുന്നത്. 2022ല്‍ 1 കോടി വീടുകള്‍ പുതുതായി ആവശ്യം വന്നെങ്കില്‍ 2050ല്‍ ഇത് 2.5 കോടിയാകും. ഉയര്‍ന്നത്, ഇടത്തരം, താഴ്ന്നത്, വരുമാനമില്ലാത്തവര്‍ എന്നിങ്ങനെ വരുമാനമേഖലകളുണ്ട് എന്നതിനാല്‍ സബ്‌സിഡൈസ്ഡ് പാര്‍പ്പിടങ്ങളും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ഭവനസൗകര്യങ്ങളുടെ കാര്യം സങ്കീര്‍ണമാണെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി പറഞ്ഞു. മധ്യതിരുവിതാംകൂറില്‍ പലേടത്തും ഭവനം ഭവനം സര്‍വത്ര, താമസമുള്ളവയില്ലത്രെ എന്നതാണ് സ്ഥിതി. അയ്യായിരം കിലോമീറ്ററോളമെങ്കിലും നീളത്തില്‍ നമ്മള്‍ മതിലുകള്‍ കെട്ടിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷത്തില്‍ മൂന്നു തവണ, ആഗോള പരിസ്ഥിതി, പാര്‍പ്പിട, ജലദിനങ്ങളിലാണ് കഴിഞ്ഞ 12 വര്‍ഷമായി അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു വരുന്നത്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img